ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച് മരിച്ച ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ (MCD) സ്കൂൾ അധ്യാപികയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. MCD സ്കൂളിലെ കരാർ അധ്യാപികയായ വൈകലി സർകാർ ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
മെയ് രണ്ടുമുതൽ ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഇവർ ചികിത്സയിൽ ആയിരുന്നു. അവരുടെ മരണത്തിനു ശേഷമാണ് മെയ് അഞ്ചിന് കോവിഡ് പോസിറ്റീവ് ആണെന്ന പരിശോധനാഫലം വന്നത്.
"കോവിഡ് 19ന് എതിരെയുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളി ആയിരുന്നു എം സി ഡി സ്കൂളിലെ കരാർ അധ്യാപിക ആയിരുന്ന വൈകലി സർകാർ. അണുബാധയെ തുടർന്ന് മെയ് നാലിന് അവർ മരിച്ചു. ജോലിക്കിടയിൽ ആണ് അവർക്ക് കൊറോണവൈറസ് ബാധ ഉണ്ടായത്. അവരെയും ഒപ്പം കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സജീവമായിരിക്കുന്ന മുന്നണിപ്പോരാളികളെയും അഭിവാദ്യം ചെയ്യുന്നു. ആദരസൂചകമായി വൈകലിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകും" - കെജ്രിവാൾ പറഞ്ഞു.
രോഹിണിയിലാണ് വൈകലി താമസിക്കുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകാൻ ഡൽഹി സർക്കാരിനെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ വൈകലി സജീവമായിരുന്നു. ഏപ്രിൽ 25ന് സുഖമില്ലാതായതിനെ തുടർന്ന് രോഹണിയിലെ ഡോ ബാബാ സാഹെബ് അംബേദ്കർ ആശുപത്രിയിൽ അവരെ പ്രവേശിപ്പിച്ചു. തുടർന്ന് രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മെയ് രണ്ടിന് മാറ്റുകയായിരുന്നു. മെയ് നാലിന് മരിച്ചു. മെയ് അഞ്ചിനാണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് വ്യക്തമാക്കുന്ന പരിശോധനാഫലം വന്നത്.
കോവിഡ് 19നെതിരെ പോരാടുന്നവർക്ക് മരണം സംഭവിക്കുകയാണെങ്കിൽ അവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഏപ്രിൽ ഒന്നിന് ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു.
കടപ്പാട്: News18
0 Comments